NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

18 കാരനെ മസ്തിഷ്ക മരണത്തിനിരയാക്കി അവയവങ്ങള്‍ ദാനം ചെയ്തെന്ന പരാതി; കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്.

 

തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

ബൈക്കപകടത്തിൽപ്പെട്ട അഖില്‍ എന്ന പതിനെട്ടുകാരന്‍റെ അവയവങ്ങൾ മലേഷ്യൻ പൗരനാണ് ദാനം ചെയ്തത്. 2009 നവംബർ 29 നാണ് അപകടം നടന്നത്.

 

കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്‌ഷോറിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. തൊട്ടടുത്ത ദിവസം അഖിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.

 

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് യുവാവിന്‍റെ അവയവങ്ങള്‍ മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.


 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!