ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
1 min read

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം. ജൂണ്‍- ജൂലൈ മാസത്തെ ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനത്തിനാണ് ഇന്ന് അര്‍ദ്ധരാത്രി തുടക്കമാകുന്നത്.
ദിവസങ്ങളായി കടലിലായിരുന്ന വലിയ ബോട്ടുകള്‍ ഇന്നലെ മുതല്‍ തിരികെ വന്നുതുടങ്ങി. ഇതര സംസ്ഥാന ബോട്ടുകള്‍ ഉടന്‍ സംസ്ഥാനത്തെ തീരം വിടും. പരമ്പരാഗത മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക് മാത്രമാകും കടലില്‍ പോകുന്നതിന് അനുമതി.
സംസ്ഥാനത്തെ 4,000ത്തോളം യന്ത്രവല്‍കൃത ബോട്ടുകളില്‍ 1200ഓളം കൊല്ലത്തെ തുറമുഖങ്ങളിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ട്രോളിങ് നിരോധനം വേണ്ടത്ര പഠനം നടത്താതെ തുടരുന്നതില്‍ ബോട്ട് ഉടമകള്‍ക്ക് എതിര്‍പ്പുണ്ട്.
വിഴിഞ്ഞം, നീണ്ടകര, അഴീക്കല്‍, മുനമ്പം ഉള്‍പ്പെടെയുള്ള ഹാര്‍ബറുകളില്‍ ട്രോളിങ് നിരോധനത്തിനു മുന്‍പേ തന്നെ ബോട്ടുകള്‍ കരയിലേക്ക് മടങ്ങിയെത്തി. മീന്‍ ലഭ്യത കുറവായതാണ് കാരണം. ഇനിയുള്ള ദിവസങ്ങള്‍ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനുമായി മാറ്റിവയ്ക്കും.