അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത


അറബിക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് കേരളത്തില്‍ സാധ്യതയുെണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു.
ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്ക് നീങ്ങാനാണ് നിലവില്‍ സാധ്യത. ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 155 കി.മീ വരെ വേഗം പ്രതീക്ഷിക്കാം. ചുഴലിക്കാറ്റിന്റെ സാന്നിധ്യം കേരളത്തിലും മഴയ്ക്ക് കാരണമാകും. ഇന്നും നാളെയും തെക്കന്‍, മധ്യ കേരളത്തില്‍ മഴ സജീവമാകും.
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കാലവര്‍ഷം കേരളത്തിലേക്ക് എത്തിക്കുന്നതില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് നിര്‍ണായകമാണ്.