NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്ത്രീയുടെ നഗ്നത എല്ലായ്പ്പോഴും അശ്ലീലമല്ല; നഗ്നത അധാർമ്മികമല്ലെന്നും കേരള ഹൈക്കോടതി

1 min read

കൊച്ചി: സ്ത്രീയുടെ നഗ്നത എല്ലായിപ്പോഴും അശ്ലീലമല്ലെന്ന് കേരള ഹൈക്കോടതി. സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അധികാരം ചോദ്യം ചെയ്യപ്പെടരുത്. നഗ്നത അധാർമ്മികമല്ലെന്നും കോടതി നിരീക്ഷിച്ചു. രഹന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി പരാമർശം. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു റഹ്ന ഫാത്തിമെക്കെതിരെ പോലിസ് കേസെടുത്തിരുന്നത്. ജസ്റ്റിസ് ഡോക്ടർ കൗസർ ഇടപാകത്തിന്റേതാണ് സുപ്രധാന ഉത്തരവ്.

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുത്. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യം വിലയിരുത്തിവേണം ഇത് കുറ്റകരമാണോ എന്ന് വിലയിരുത്തേണ്ടത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലർ ലൈംഗികതക്കോ ആഗ്രഹപൂർത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പുരുഷന്റെ നഗ്ന മാറിടം ആരും അശ്ലീലമായി കാണുന്നില്ല. ഷർട്ട് ധരിക്കാതെ പുരുഷന്മാർക്ക് നടക്കാം. പുലികളി, തെയ്യം തുടങ്ങി കലാരൂപങ്ങളിൽ പുരുഷന്മാരുടെ ദേഹത്ത് ചായം പുരട്ടി അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്.

സമൂഹത്തിൻറെ ധാർമികതയോ, ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ല. സമൂഹം ധാർമികമായി തെറ്റെന്നു കരുതുന്നത് നിയമപരമായി കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വിഗ്രഹങ്ങളിലെ മാറിടങ്ങൾ ദർശിക്കുമ്പോൾ ലൈംഗികത അല്ല, ദൈവികതയാണ് പ്രതിഫലിക്കുന്നത്. നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുത്.

താഴ്ന്ന ജാതികാരായ സ്ത്രീകൾക്ക് മാറിടം മറയ്ക്കാൻ പ്രക്ഷോഭം നടത്തേണ്ടിവന്ന സംസ്ഥാനമാണ് കേരളമെന്നും കോടതി ഓർമിപ്പിച്ചു. സ്ത്രീ-പുരുഷ വിവേചനത്തിൽ സമൂഹത്തിന്റെ ഇരട്ടത്താപ്‌ തുറന്നു കാട്ടുവാനാണ് രഹന ഫാത്തിമയുടെ വീഡിയോയിലൂടെ ശ്രമിച്ചത്. സ്വന്തം അമ്മയ്ക്കെതിരെ കുട്ടികളെ നിയമ നടപടികൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published.