NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എല്ലാവർക്കും ഇന്റർനെറ്റ് : അത് യാഥാർത്ഥ്യമായി’; കെ ഫോൺ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

 

തിരുവനന്തപുരം: കെ ഫോൺ സൗജന്യ ഇൻറർനെറ്റ് പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ഉദ്ഘാടനം. കേരളത്തിലെ  എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ഇന്റർനെറ്റ് സേവനം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും ഇന്റർനെറ്റ് എന്നു പറഞ്ഞപ്പോൾ സ്വപ്നമെന്നു കരുതി. അത് യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി കേരളം മുന്നോട്ടു പോകുന്നത്.

ടൂറിസം രംഗത്ത് വലിയ ചലനമുണ്ടാക്കാൻ കേരളത്തിന് കഴിയും. ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ട് അവരുടെ ജോലി ചെയ്യാം. അങ്ങനെ എല്ലാവരും ‘ദി റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണ്. പദ്ധതിയിൽ നിന്ന് ആരും മാറ്റിനിറുത്തപ്പെടുന്നില്ല. മറ്റ് സേവനദാതാക്കളെക്കാൾ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകാനാകും.

സ്വകാര്യദാതാക്കൾ ഉള്ളപ്പോൾ എന്തിന് സർക്കാർ ചെയ്യുന്നുവെന്നാണ് ചോദിച്ചത്. എതിർത്തവരുടേത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രം. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ആശയം ഉയർത്തിയപ്പോൾ ചിലർ ചോദിച്ചു എന്തിനാണ് ഇന്റർനെറ്റ്, ചിലരുടെ കൈയിൽ സ്മാർട്ട് ഫോണുണ്ട്.  രാജ്യത്ത് 50 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കാണ് ഇന്റർനെറ്റ് പ്രാപ്തം.

ഏത് നല്ല കാര്യത്തിനും എതിരു പറയുന്നവരുണ്ട്. എന്തിനാണ് ഇന്റർനെറ്റ്, എന്തിനാണ് അതിവേഗ പാതയെന്നൊക്കെ ചോദിക്കുന്നവരുണ്ട്. ചിലർ അപരിഷ്കൃത ചിന്തകളുമായി നാടിനെ പിന്നോട്ടടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 ലക്ഷം വീടുകളിലും മുപ്പതിനായിരം സർക്കാർ ഓഫീസുകളിലും സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കെ ഫോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനായിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം സർക്കാർ ഓഫീസുകളിലും ഇൻറർനെറ്റ് കണക്ഷൻ എത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് അധികൃതർ. 20 ലക്ഷം വീടുകളിലും മുപ്പതിനായിരം സർക്കാർ ഓഫീസുകളിലും സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കെ ഫോൺ പദ്ധതിയിലൂടെ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *