വാഹനവുമായി റോഡിലിറങ്ങുമ്പോൾ ജാഗ്രത വേണം; എഐ ക്യാമറ നിരീക്ഷണം മാത്രമല്ല ഇന്നുമുതൽ പിഴയുമുണ്ട്


വാഹനവുമായി റോഡിലിറങ്ങുന്നവർ ഇന്നു മുതൽ കൂടുതൽ ജാഗ്രത പാലിക്കണം. റോഡിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ ഇനി മുതൽ നിരീക്ഷണം മാത്രമല്ല നിയമ ലംഘനങ്ങൾ കൃത്യമായി പിഴയും ഈടാക്കും.
നഗരങ്ങളെന്നോ ഗ്രാമ പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് സംസ്ഥാന സർക്കാർ റോഡുകളിൽ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉൾവഴികളീലൂടെ രക്ഷപെടാമെന്ന ധാരണയും വെറുതെയാണ്.
ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും ജൂൺ 5 ലേക്ക് മാറ്റുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വരുന്നത് വരെയാകും ഈ ഇളവ് അനുവദിക്കുക.
726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾ സ്ഥാപിച്ചതു മുതൽ വിവാദങ്ങൾ ഉയര്‍ന്നിരുന്നു. നാളെ മുതൽ ക്യാമറകൾ നിരീക്ഷണത്തോടൊപ്പം നിയമലംഘകർക്ക് പിഴയും നൽകി തുടങ്ങുകയാണ്.ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. എന്നാൽ അത് മുതലെടുക്കാമെന്ന് ആരും ആശ്വസിക്കേണ്ടതില്ല. ക്യാമറകൾക്ക് കുട്ടികളുടെ പ്രായം കണ്ടെത്താനാകുമെന്ന് സർക്കാരും, ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്.
പദ്ധതി പ്രഖ്യാപിച്ച സമയം പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങൾ. പിഴ ഈടാക്കി തുടങ്ങിയാൽ ഒരു മാസത്തിനകം തന്നെ ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.