NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊല്ലം നീണ്ടകരയിൽ വീണ്ടും ‘സ്വർണമൽസ്യം’; 20 കിലോയ്ക്ക് ലേലത്തിൽ കിട്ടിയത് 78000 രൂപ

കൊല്ലം: ഒരിടവേളയ്ക്കുശേഷം നീണ്ടകരയിൽനിന്ന് മൽസ്യബന്ധനത്തിന് പോയവർക്ക് പടത്തിക്കോര എന്ന സ്വർണമൽസ്യം ലഭിച്ചു. നീണ്ടകര സ്വദേശി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പടത്തിക്കോരയെ ലഭിച്ചത്. വലയിൽ കുടുങ്ങിയത് പടത്തിക്കോരയാണെന്ന് മനസിലാക്കിയ ബാബുവും കൂട്ടരും മൽസ്യബന്ധനം പൂർത്തിയാക്കിതെ ഹാർബറിലേക്ക് മടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ മീൻ പിടിക്കാൻ പോയവർക്കാണ് പടത്തിക്കോരയെ ലഭിച്ചത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ നീണ്ടകര ഹാർബറിൽ എത്തിച്ച് പടത്തിക്കോര ലേലത്തിന് വെച്ചതോടെ ആവശ്യക്കാർ കൂടി. ലേലം കനത്തതോടെ വിലയും കുതിച്ചുയർന്നു.

ആവേശകരമായ ലേലത്തിനൊടുവിൽ കാവനാട് ബൈപ്പാസിന് സമീപം എ.ഐ.എം ഫിഷറീസ് ഉടമ ബിജു 78000 രൂപയ്ക്ക് പടത്തിക്കോരയെ സ്വന്തമാക്കി. ഇതിന് ഏകദേശം 20 കിലോഗ്രാമോളം തൂക്കം ഉണ്ടായിരുന്നു.

അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ഓപ്പറേഷനുകൾക്ക് തുന്നൽ ഇടുന്നതിനുള്ള നൂല്‍ പടത്തിക്കോരയുടെ ശരീരത്തിലെ പളുങ്ക് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 20 കിലോ ഭാരമുള്ള പടത്തിക്കോരയില്‍ 300 ഗ്രാമില്‍ കൂടുതല്‍ പളുങ്ക് കാണുമെന്ന് വിദഗ്ദർ പറയുന്നു.

ബിജു ലേലത്തിൽ പിടിച്ച പടത്തിക്കോരയെ ബുധനാഴ്ച തന്നെ മുംബൈയിലുള്ള സ്വകാര്യ കമ്പനിക്ക് വിറ്റു. ഇന്നലെ വൈകിട്ടോടെ പടത്തിക്കോരയെ മുംബൈയിലേക്ക് കയറ്റി അയച്ചു. ഇന്ത്യൻ തീരങ്ങളിൽ വളരെ അപൂർവമായി കാണപ്പെടുന്ന മൽസ്യമാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നീണ്ടകരയിൽ നാല് തവണ പടത്തിക്കോരയെ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.