എനിക്ക് വേണ്ടി ജനത്തെ തടയരുത്; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ‘സീറോ ട്രാഫിക്’ ആവശ്യമില്ലെന്ന് സിദ്ധരാമയ്യ; കൈയടിച്ച് ജനം


മുഖ്യമന്ത്രിയുടെ യാത്രക്കായി കര്‍ണാടകയില്‍ ഒരിടത്തും ഗതാഗതം നിയന്ത്രിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെ ‘സീറോ ട്രാഫിക്’ നയം പിന്‍വലിക്കാന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാണ് സിദ്ധരാമയ്യ മുന്നോട്ട് പോകുന്നത്. ഗൃഹനാഥകള്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി, തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും, കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര എന്നിവയാണ് കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍. ഇതിനായി പ്രതിവര്‍ഷം 50,000 കോടി രൂപ വേണ്ടിവരും.