മലയാളി മോഷ്ടാവ് കന്യാകുമാരിയിൽ പിടിയിൽ; ആറുലക്ഷത്തിലേറെ രൂപയുടെ സ്വർണവും ഒരു ടൂ വീലറും പിടിച്ചെടുത്തു


കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മോഷണ കേസിലെ പ്രതിയായ മലയാളി മോഷ്ടാവിനെ തമിഴ്നാട് പൊലീസ് പിടികൂടി. കൂട്ടമല, വടക്കെ കല്ലുവിള സ്വദേശി ജോണി കുട്ടിയുടെ മകൻ ജിബിൻ ജോണി (30) ആണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് കോഴിവിളയിൽ റോഡിലൂടെ പോയ ആശുപത്രി ജീവനക്കാരിയുടെ 5 പവന്റെ മാല കവർന്ന സംഭവത്തിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ആരിയൻകോട് പൊലീസിന്റെ സഹായത്തോടുകൂടി പിടികൂടിയത്. പ്രതിയിൽനിന്ന് പതിമൂന്നര പവനും, ഒരു സ്കൂട്ടിയും പൊലീസ് പിടിച്ചെടുത്തു.
ഇയാള്‍ കഴിഞ്ഞ 6 ന് കൊച്ചിയിൽ നിന്ന് സ്കൂട്ടി മോഷ്ടിച്ച ശേഷം ,7 ന് നെയ്യാറ്റിൻകര നിന്ന് സ്ത്രീയുടെ മൂന്നര പവന്റെ സ്വർണവും,11 ന് കളിയിക്കാവിളക്കടുത്ത് കുളപുറത്തിൽ നിന്ന് 5 പവനും തുടർന്ന് 17നും കവർച്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
രണ്ട് വർഷത്തിന് മുൻപ് കേരളത്തിൽ മാത്രം പ്രതിക്കെതിരെ 7 കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.