2000 രൂപാ നോട്ട്, ഇനി എന്ത് ചെയ്യും? എങ്ങനെ മാറാം?
1 min read

രാജ്യത്ത് 2000 രൂപാ നോട്ടുകളുടെ വിനിമയം പിന്‍വലിക്കുന്നതിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 കറന്‍സിയുടെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു.
കറന്‍സി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്‍ബിഐ വിശദീകരണം. ക്ലീന് നോട്ട് നയത്തിന്റെ ഭാഗമായാണ് നോട്ട് പിന്‍വലിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയും.
എന്നാല്‍ 2023 സെപ്റ്റംബര്‍ 30ന് മുമ്പ് ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റി എടുക്കുകയോ വേണം.
ഒരു സമയം 20,000 രൂപവരെ 2000 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യാം.
നോട്ടുകള്‍ മാറാന്‍ മെയ് 23 മുതല്‍ ബാങ്കുകളെ സമീപിക്കാം.
നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താം.
2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും.