ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് റദ്ദാക്കിയത് 36.16 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍, ഏറ്റവുമധികം ബംഗാളില്‍, കേരളത്തില്‍ റദ്ദാക്കിത് 9,606 സിമ്മുകള്‍


ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ റദ്ദാക്കിയത് 36.61 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍. കേന്ദ്ര ടെലികോം വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ‘അസ്ത്ര്’ ( ASTR) ഉപയോഗിച്ചാണ് മുപ്പത്തിയാറര ലക്ഷം സിം കാര്‍ഡുകള്‍ രാജ്യത്ത് റദ്ദാക്കിയത്. ബംഗാളില്‍ മാത്രം 12.34 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കി. കേരളത്തില്‍ ഏതാണ്ട് ഒമ്പത്തിനായിരത്തോളം വ്യാജ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ക്ക് വേണ്ടിയാണ് വ്യാപകമായി ഇത്തരം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്.
ഒരു വ്യക്തി തന്നെ പല തരത്തിലുള്ള വിവരങ്ങള്‍ നല്‍കിയാണ് ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. 87 കോടി സിംകാര്‍ഡുകളുടെ വിവരങ്ങള്‍ ആണ് അസ്ത്ര് വഴി ടെലികോം ഡിപ്പാര്ട്ട്‌മെന്റ് പരിശോധിച്ചത്. കേരളത്തില്‍ മാത്രം 3.56 കോടി സിംകാര്‍ഡുകള്‍ അസ്ത്ര വഴി പരിശോധിച്ചു. ( കേരളത്തിലെ മൊത്തം ജനസംഖ്യയുടെ അത്രയും)
ഇതില്‍ 11,642 സിം കാര്‍ഡുകള്‍ മാത്രമാണ് സംശയാസ്പദം എന്ന രീതിയില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടത്. അതില്‍ നിന്നാണ് പരിശോധനയ്ക്ക് ശേഷം 9,606 എണ്ണം റദ്ദാക്കിയത്. വ്യാജ സിം കാര്‍ഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയില്‍) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.