NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീനില്‍നിന്നും (44) നടുവീട്ടില്‍ ഷമീന (37)യില്‍ നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്.

ഷറഫുദ്ധീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്.

ഈ ദമ്പതികള്‍ തങ്ങളുടെ കുട്ടികളോടോത്ത് ദുബായില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്തുവാനാണ് ഈ ദമ്പതികള്‍ ശ്രമിച്ചത്. ഷമീനയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോൾ സ്വര്‍ണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാല്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ധീന്‍ താനും സ്വര്‍ണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

 

 

കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ജോയിന്റ് കമ്മിഷണര്‍ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഷോളി പി. ഐ., പ്രവീണ്‍കുമാര്‍ കെ. കെ., സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്‍, ടി. എന്‍. വിജയ, എം. ചെഞ്ചുരാമന്‍, സ്വപ്ന വി. എം., ഇന്‍സ്‌പെക്ടര്‍മാരായ നവീന്‍ കുമാര്‍, ഇ .രവികുമാര്‍ , ധന്യ കെ. പി. ഹെഡ് ഹവല്‍ദാര്‍ ഇ. ടി. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.

Leave a Reply

Your email address will not be published.