എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞ യുവതി പിടിയില്‍


കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ തോക്കിന്‍മുനയില്‍ നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ യുവതി പിടിയില്‍. തലശേരി കൊലയാട് കൊച്ചുപറമ്പിൽവീട്ടിൽ ചിഞ്ചു മാത്യുവാണ് (30) സംഭവം നടന്ന് 48 മണിക്കൂറിനകം പിടിയിലായത്.
ചിഞ്ചുവിന്റെ മയക്കുമരുന്ന് ഇടപാടിലെ പങ്കാളിയും പ്രതിക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യവും ചെയ്തുകൊടുത്ത ഇടപ്പള്ളി സ്വദേശിനി ജോയ് അപ്പാർട്ടുമെന്റിൽ താമസിക്കുന്ന സീനയും (26) അറസ്റ്റിലായി. ചിഞ്ചു താമസിച്ച ഫ്ളാറ്റിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ മാറ്റാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു തോക്കിൻമുനയിൽ നിറുത്തി എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ചിഞ്ചു കടന്നുകളഞ്ഞത്. രഹസ്യ വിവരത്തെത്തുടർന്ന് കാക്കനാട്ടെ ഫ്ളാറ്റിൽ പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
അസി. കമ്മീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് പടമുകൾഭാഗത്തുനിന്ന് ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിഞ്ചുവിനെക്കാത്ത് ഫ്ളാറ്റിൽ ഒളിച്ചിരിക്കെയാണ് സിനി ഇവിടേയ്ക്ക് എത്തിയത്. ചിഞ്ചുവിന്റെ വസ്ത്രങ്ങൾ എടുക്കാൻ എത്തിയതെന്നായിരുന്നു ആദ്യം പറഞ്ഞത്. വിശദമായി ചോദ്യംചെയ്തതോടെയാണ് വൻ മയക്കുമരുന്ന് ശേഖരത്തിന്റെ വിവരം പുറത്തുവന്നത്.
കാലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട 100 എൽ.എസ്.ഡി സ്റ്റാമ്പുകളും ഇതിന് വീര്യംകൂട്ടുന്നതിനായി ഉപയോഗിക്കുന്ന ലൈസർജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും 100 ഗ്രാം യെല്ലോമെത്തും ഇവിടെ നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തു. ആദ്യമായാണ് കാലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട എൽ.എസ്.ഡി സ്റ്റാമ്പ് ഇത്രയധികം പിടികൂടുന്നത്. കഴിഞ്ഞദിവസം ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നതിനിടെ വെട്ടേറ്റ സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമിയുൾപ്പെടുന്ന സംഘം തന്നെയാണ് ചിഞ്ചുവിനെ പിടികൂടിയത്.
മയക്കുമരുന്ന് ഇടപാടിൽ ഇവരുടെ കൂട്ടാളികളായ ക്വട്ടേഷൻ ക്രിമിനൽ ബന്ധമുള്ളവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അസി. കമ്മീഷണർ ബി. ടെനിമോൻ പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.