ഡ്യൂട്ടിക്കിടെ ഉണ്ടാകുന്ന അപകടമരണം; പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് ഇൻഷുറൻസ് 15 ലക്ഷം രൂപ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ഉണ്ടാകുന്ന അപകടത്തിൽ മരിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി പ്രകാരം 15 ലക്ഷം രൂപ ലഭിക്കും. ജോലിക്കു കയറുമ്പോൾ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളത്തിൽ നിന്നു പ്രീമിയം അടയ്ക്കുന്ന പദ്ധതിയാണിത്. ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ചാൽ പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിനു സഹായം കിട്ടുന്ന എക്സ്ഗ്രേഷ്യ പദ്ധതിയുമുണ്ട്.
പ്രായവും കുടുംബസ്ഥിതിയും കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ 15 ലക്ഷം മുതൽ നൽകാറുണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് 3 ലക്ഷം രൂപ നൽകും.
സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇത്തരത്തിൽ 3 സഹായങ്ങളാണു നൽകുക. പൊലീസിന്റെ ഹൗസിങ് സൊസൈറ്റിയിൽ അംഗത്വമെടുക്കുന്ന ഉദ്യോഗസ്ഥരാണെങ്കിൽ 20 ലക്ഷം സൊസൈറ്റിയിൽനിന്നും കൈമാറും. പൊലീസ് സംഘടനകളും കുടുംബത്തിനു സഹായം നൽകാറുണ്ട്.