വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണം;സുപ്രീം കോടതിയിൽ ഹർജി


തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നില്ല എന്നാണ് പരാതിക്കാരന്റെ വാദം. മലപ്പുറം തിരൂർ സ്വദേശിയായ പിടി ഷിജീഷാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ടൈംടേബിൾ പ്രകാരം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. പിന്നീട് തിരൂരിനെ ഒഴിവാക്കിയാണ് ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹർജിയിൽ പറയുന്നു. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിടി ഷിജീഷ് മുമ്പ് ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു.
ഇത് തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്നും കോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്റോതായിരുന്നു ഉത്തരവ്.
അതേ സമയം കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വന്ദേഭാരതിനെതിരെ വീണ്ടും ആക്രമണം ഉണ്ടായി. കണ്ണൂർ വളപട്ടണത്തിന് വെച്ചാണ് കല്ലേറ്. മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്ത് വെച്ചും കല്ലേറുണ്ടായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.വന്ദേഭാരതിന് സുരക്ഷ കൂട്ടാമാണ് തീരുമാനം. ഏപ്രിൽ 25 നാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. മെയ് 14 വരെയുള്ള വന്ദേഭാരത് ടിക്കറ്റുകൾ വിറ്റു പോയിരുന്നു.