താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവർ ദിനേശനെ കോടതി റിമാൻഡ് ചെയ്തു.


താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്ത ബോട്ട് ഡ്രൈവർ ദിനേശനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബുധനാഴ്‌ച രാവിലെ താനൂരിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി പത്തുമണിയോടെ പരപ്പനങ്ങാടി കോടതിയിൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം. മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോട്ടുടമ നാസറിനെ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാൾ തിരൂർ സബ് ജയിലിലാണുള്ളത്.