താനൂർ ബോട്ടപകടം അധികൃതർ വരുത്തിവെച്ചത് : തൃണമൂൽ കോൺഗ്രസ്.


പരപ്പനങ്ങാടി: 22 പേരുടെ ജീവൻകവർന്ന താനൂർ ബോട്ടപകടം യാദൃശ്ചികമല്ലെന്നും അധികൃതർ വരുത്തിവെച്ച വിനയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇവിടത്തെ ബോട്ട് സവാരിയുടെ ഭവിഷ്യത്തുകളെ കുറിച്ച് നേരത്തെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പോലീസിനെയും അധികൃതരെയും അറിയിച്ചിട്ടും പരാതി പരിഹരിക്കാത്തതിന്റെ ഫലമാണ് ഈ ദുരന്തത്തിന് കാരണമായത്. അനധികൃത ബോട്ട് സർവീസിന് അനുമതിനൽകിയതും ലൈസൻസ് നമ്പർ ലഭിച്ചതിന്റെ പിന്നാമ്പുറകഥകളും വ്യക്തമായി അന്വേഷണം നടത്തണം.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ നിയമലംഘനങ്ങൾ എല്ലാം നടക്കുന്നത്. ബോട്ട് ഉടമയുടെ അറസ്റ്റ് കൊണ്ട് മാത്രം നിയമലംഘനത്തിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർക്ക് തടിതപ്പാനാവരുത്. ദിവസങ്ങൾക്ക് മുമ്പ് തൂവൽ തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് എത്തിയ ടൂറിസ്റ്റ് വകുപ്പ് മന്ത്രി റിയാസിനെയും പ്രദേശവാസികൾ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇവിടെയുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് പോലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിലയിലാണ്. പെട്ടെന്ന് പൊട്ടിപോകുന്ന രൂപത്തിലാണ് ബ്രിഡ്ജിന്റെ ക്രമീകരണം. ബ്രിഡ്ജിന് ഇഞ്ചസ് സംവിധാനം പോലും നിലവിലില്ല. സുരക്ഷിതമല്ലാത്ത ബ്രിഡ്ജുകൾ എടുത്തു മാറ്റണം. ഈ ദുരന്തത്തിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സാന്ത്വന സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദേശീയ സെക്രട്ടറി ഗണേഷ് ചന്ദ്രദാസ് സാന്ദ്ര, സംസ്ഥാന പ്രസിഡണ്ട് ഷംസു പയനിങ്ങൽ, ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ, വൈസ് പ്രസിഡന്റ്മാരായ ഷണ്മുഖൻ അച്ഛമ്പാട്ട്, റാഷിദ് വാവാട്, തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫവാസ് ചക്കുകടവ് എന്നിവർ ദുരന്തസ്ഥലവും മരിച്ചവരുടെ കുടുംബ വീടുകളിലും സന്ദർശിച്ചു.