NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രജിസ്‌ട്രേഷനുള്ളത് 10000 ബോട്ടുകള്‍ക്ക്, സര്‍വ്വീസ് നടത്തുന്നത് 30000 ത്തിലധികം, പരിശോധനക്കായി മുന്ന് ഉദ്യോഗസ്ഥര്‍ മാത്രം ജലഗതാഗതരംഗത്ത് ഞെട്ടിപ്പിക്കുന്ന സുരക്ഷാ വീഴ്ച

കേരളത്തിലെ ടൂറിസ്റ്റ് ബോട്ടുകള്‍ അടക്കമുള്ള ആയിരക്കണക്കിന് ജലയാനങ്ങള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കാനും പുതുക്കി നല്‍കാനും തുറമുഖ വകുപ്പിലുള്ളത് കേവലം മൂന്ന് സര്‍വ്വയര്‍മാര്‍. മൂന്ന് സര്‍വ്വയര്‍മാര്‍ക്ക് ഇത്രയധികം ബോട്ടുകള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കാനും പുതുക്കാനും കഴിയില്ലന്ന എന്നത് കൊണ്ട് തന്നെ അനുമതിയില്ലാതെ ആയിരക്കണക്കിന് ബോട്ടുകളാണ് കേരളത്തിന്റെ കായലുകളിലും പുഴകളിലും സര്‍വ്വീസ് നടത്തു്ന്നത്. 2015 ല്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്‌കൊച്ചിയിലെ യാത്ര ബോട്ട് അപകടത്തെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ നിയുക്തനായ എഡിജിപി പത്മകുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും തുറമുഖ ഡിപ്പാര്‍ട്ട് മെന്റിലെ സര്‍വ്വേയര്‍മാരുടെ കനത്ത ദൗര്‍ലഭ്യമൂലം ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും പുതുക്കി നല്‍കുന്നതും ഫലപ്രദമായി നടക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

 

മാരിടൈം ബോര്‍ഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 10,231 ജലയാനങ്ങള്‍ക്ക് മാത്രമാണ്  രജിസ്‌ട്രേഷനുളളത്. ഈ ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കാന്‍ ഉള്ളത് കേവലം മൂന്ന് സര്‍വ്വേയര്‍മാത്രമാണ്. എന്നാല്‍ മുപ്പതിനായിരത്തോളം ബോട്ടുകളാണ് കേരളത്തിലെ കായലുകളിലും പുഴകളിലും സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ നൂറുക്കണക്കിന് ടൂറിസ്റ്റ് ബോട്ടുകളും പെടും. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവ സര്‍വ്വീസ് നടത്തുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ബോട്ടിന്റെ രജിട്രേഷന്‍ ഒരോ വര്‍ഷവും സുരക്ഷാ സര്‍വ്വേയമുണ്ട്. എന്നാല്‍ രജിസ്‌ട്രേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ യാതൊരു സുരക്ഷാ സര്‍വ്വേയും ഇല്ല.

 

മാരിടൈം ബോര്‍ഡില്‍ ഒന്നിനും സ്റ്റാഫില്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിലെ ജലയാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡാണ് എന്നിരിക്കെ പേരിനും പോലും ഇതൊന്നും പരിശോധിക്കാന്‍ അവിടെ ഉദ്യോഗസ്ഥരില്ലാത്തയവസ്ഥയാണുളളത്.

 

2019 ല്‍ വേമ്പനാട്ട് കായിലില്‍ മാത്രം 1200 ഹൗസ് ബോട്ടുകള്‍ ലൈസന്‍സില്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. അതിന് ശേഷം 2021 ലും ലൈസന്‍സില്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കണമെന്ന് ജസ്റ്റിസ് നഗരേഷ് മാരിടൈം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. വേമ്പനാട് പുന്നമുട കായലുകളില്‍ മാത്രം ലൈസന്‍സില്ലാത്ത നൂറുക്കണക്കിന് ജലയാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുവെന്ന ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ പരാതിയില്‍ ആണ് ഹൈക്കോടതി 2021 ല്‍ ഈ ഉത്തരവ് നല്‍കിയത്. ആറ് മാസത്തിനകം നടപടി വേണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ഒന്നും നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *