മാലിന്യം സംസ്കരിച്ചില്ല; ദേശീയപാതാ നിർമ്മാണ കമ്പനിക്ക് 10,000 രൂപ പിഴ


തേഞ്ഞിപ്പലം: ദേശീയപാതാ നിർമാണ കമ്പനിയായ കെ.എൻ.ആർ.എല്ലിന്റെ കോഹിനൂർ, ദേവതിയാൽ എന്നീ സ്ഥലങ്ങളിലുള്ള നിർമാണ പ്ലാന്റുകളിൽ വൻതോതിൽ മലിനീകരണം നടത്തുന്നതായി പഞ്ചായത്ത് അധികൃതർ കണ്ടെത്തി. പ്ലാസ്റ്റിക് കത്തിക്കൽ, കക്കൂസ് മാലിന്യം ഒഴുക്കിവിടൽ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി. പിഴത്തുക കമ്പനി പഞ്ചായത്തിൽ അടച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, സെക്രട്ടറി വി.എൻ. അഷ്‌റഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി, ജെ.എച്ച്.ഐ. ജൈസൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കണ്ടെത്തിയത്.
പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ നിലയിൽ വലിച്ചെറിയുക, കക്കൂസ് മാലിന്യം ഒഴുക്കിവിടുക തുടങ്ങിയ ഗുരുതരപ്രശ്നങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും മൂന്നു ദിവസംകൊണ്ട് ശുചിയാക്കുമെന്നും കമ്പനി ഉറപ്പ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.