ബോട്ടപകടം : ഒരുവീട്ടിൽ നിന്ന് നാലുപേർ ; നിറകണ്ണീരോടെ യാത്രയാക്കി ചെട്ടിപ്പടി ഗ്രാമം ; ആദിലും അഫ്റഹും തനിച്ചായി.

ചെട്ടിപ്പടിയിൽ ബോട്ടപകടത്തിൽ മരിച്ച ചെട്ടിപ്പടി സ്വദേശികളായ വെട്ടിക്കുത്തി ആയിഷാബി (38) യുടെയും മക്കളായ ആദില ഷെറിൻ (13) മുഹമ്മദ് അദ് നാൻ (10) മുഹമ്മദ് അർഷാൻ (3)

പരപ്പനങ്ങാടി : ഒരുവീട്ടിലെ നാലു പേരുടെ മൃതശരീരം ഓരോന്നോരോന്നായി ആംബുലൻസിൽ എത്തിച്ചപ്പോൾ ഒരു ഗ്രാമം കണ്ണീർ കടലായി. കഴിഞ്ഞ ദിവസം ബോട്ട് അപകടത്തിൽപെട്ട ചെട്ടിപ്പടി വെട്ടികുത്തി സൈനുൽ ആബിദ് ന്റെ ഭാര്യ ആയിഷ ബീവി (38), മകൾ ആതില ഷെറി (13), മകൻ മുഹമ്മദ്അദ്നാന്‍ (10) മുഹമ്മദ് ഹർഷാൻ (3) എന്നിവരുടെ മൃതദേഹം ആനപ്പടി സ്കൂളിൽ പി[പൊതുദർശനത്തിന് വെച്ചപ്പോൾ സ്ത്രീകളും കുട്ടികളുമളുമുൾപ്പെടെ തടിച്ചുകൂടിയ ജനാവലിക്ക് സഹിനായില്ല.
കൂടെയുണ്ടായിരുന്ന ഉമ്മ സുബൈദ (68) യും ഒരു മകനും രക്ഷപ്പെട്ടു. സുബൈദ ഗുരുതരാവസ്ഥയിൽ തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലും മകൻ അഫ്റഹ് (6) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ആറുവയസുകാരൻ അഹ്‌റാഹ് അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് അറിവ്. ഉമ്മയും സഹോദരങ്ങളും വിടപറഞ്ഞപ്പോൾ ആദിലും അഫ്റഹും തനിച്ചായി.
ഉപ്പയുടെ കൂടെയായിരുന്ന മകൻ ആദിൽ (13) ബോട്ട് യാത്രക്ക് പോയിരുന്നില്ല. രാവിലെ നേരത്തെതന്നെ മൃതദേഹവുംകാത്തു നാട്ടുകാരും വിദ്യാർത്ഥികളും ദുരന്തത്തിൽപെട്ടവരെ ഒരു നോക്ക് കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ജനങ്ങളെ നിയന്ത്രിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, ടി.എ.സിദ്ധീഖ്, പി.കെ.ഫിറോസ്, കെ.പി.എ. മജീദ് എം.എൽ.എ.തുടങ്ങിയവർ അനുശോചനമറിയിക്കാനെത്തിയിരുന്നു .
ഉച്ചയ്ക്ക് 12.30 ഓടെ ഖബറടക്കാൻ ആനപ്പടി ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. മന്ത്രി അഹമ്മദ് ദേവർകോവിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഖബർസ്ഥാനിലെത്തി അന്ത്യോപചാരമർപ്പിച്ചു. കോഴിക്കോട് അസി.കമ്മീഷ്ണർ പ്രദീപൻ കണ്ണിപ്പോയിൽ, ഗുരുവായൂർ ഡി.വൈ.എസ്.പി. കെ.ജെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. മയ്യിത്ത് നമസ്കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി.