അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കുക; സൈന്യത്തിനും സംഘര്‍ഷം നിയന്ത്രിക്കാനായില്ല; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കി മണിപ്പൂര്‍ ഗവര്‍ണര്‍


മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു. സംഘര്‍ഷം കൈവിട്ടു പോയതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ചതില്‍ ഗവര്‍ണര്‍ അനുസിയ ഉയ്കെ ഒപ്പുവച്ചതോടെയാണ് ഉത്തരവ് പ്രാബല്യത്തിലായത്.
നേരത്തെ, സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെ രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ ഇന്ന് ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്.
ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്.