സ്കൂൾ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം അധ്യാപകന് 29 വർഷം കഠിനതടവ്


പെരിന്തൽമണ്ണ : രണ്ട് സ്കൂളിലായി ഏഴ് വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളിൽ അധ്യാപകന് 29 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും.
ഹയർസെക്കൻഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പാലട്ടി ബെന്നി പോളിനെ(50) ആണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനിൽകുമാർ രണ്ടുകേസുകളിലായി ശിക്ഷിച്ചത്.
2017-ൽ പെരിന്തൽമണ്ണ പോലീസ് എടുത്ത കേസുകളിലാണ് ശിക്ഷ. ഒരു കേസിൽ വിവിധ വകുപ്പുകളിലായി യഥാക്രമം അഞ്ച്, രണ്ട്, ആറ് വർഷങ്ങളായി ആകെ 13 വർഷം കഠിനതടവും 1,30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒന്ന്, രണ്ട്, മൂന്ന് വർഷം എന്നിങ്ങനെ വെറുംതടവ് അനുഭവിക്കണം. മറ്റൊരു കേസിൽ 16 വർഷം കഠിനതടവും 1,20,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രതി പിഴ അടച്ചാൽ തുക കുട്ടികൾക്ക് നൽകും.
പെരിന്തൽമണ്ണ സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന സാജു കെ. എബ്രഹാം, ടി.എസ്. ബിനു എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കും.