ദുരൂഹനിലയിൽ മരിച്ച എട്ടാംക്ലാസുകാരി പലതവണ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വീട്ടിൽ ദുരൂഹനിലയിൽ കുഴഞ്ഞുവീണുമരിച്ച എട്ടാം ക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
നഗരത്തിലെ സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് മൂന്നാഴ്ചമുമ്പ് മരിച്ചത്. സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് വിദ്യാർഥിനി. മാർച്ച് 30-ന് സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കുഴഞ്ഞു വീണനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.
കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രംമാറാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് മരിച്ചു.
പെൺകുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പീഡനത്തെത്തുടർന്നുള്ള ആഴത്തിലുള്ള മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു.
മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കുട്ടിയുടെ മൊബൈൽ ഫോൺ കേടായിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല. അന്വേഷണസംഘം ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുകയാണ്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകൾകൂടി ചേർത്തു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നിൽ ലഹരിസംഘങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്.