റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചത് നായാട്ടിനിടെയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ നായാട്ടിനിടെ റിസോർട് ഉടമ വെടിയേറ്റ് മരിച്ചത് വിവാദമാകുന്നു. വനാതിർത്തികൾ കേന്ദ്രീകരിച്ച് വ്യാപകമായി നായാട്ടുസംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇതിനു മുമ്പും തോക്കിൽ നിന്നും അബദ്ധവശാൽ വെടിയുതിർന്ന് കാപ്പിമലയിലും ഒരാൾ മരിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശി പാറയ്ക്ക് സമീപം റിസോർട്ട് ഉടമയായ പരത്തനാൽ ബെന്നി എന്നയാൾ വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനു പോയപ്പോഴായിരുന്നു സംഭവം. പാറ പുറത്തു വിശ്രമിക്കുന്നതിനിടെ തോക്കിൽ നിന്നും അബദ്ധവശാൽ വെടിയുതിരുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് കൊടുത്ത മൊഴി. ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല.
വനാതിർത്തി കേന്ദ്രീകരിച്ച് നായാട്ടു സംഘം സജീവമാണെങ്കിലും പോലീസിനോ വനം വകുപ്പിനോ ഇവരെ പിടികൂടാൻ സാധിക്കാറില്ല. അർധരാത്രി സമയങ്ങളിൽ പട്രോളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതും ഇത്തരക്കാർക്ക് ഗുണമാകുന്നുണ്ട്. കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിലാണ് പലരും തോക്കുകൾ കൈക്കലാക്കുന്നത്. ഇതിൽ പലതിനും ലൈസൻസ് പോലുമുണ്ടാകാറില്ല.
ഇത്തരം തോക്കുകൾ കരിയിലയ്ക്കകത്തും മരത്തിനു മുകളിലും മറ്റുമാണ് ഒളിപ്പിച്ചു വെയ്ക്കുന്നത്. പരിശോധന നടത്തിയാലും പെട്ടന്ന് ഇവ കണ്ടെത്താനും സാധിക്കില്ല. ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്താക്കളായ രജീഷ്, നാരായണൻ എന്നിവരെ പയ്യാവൂർ പോലീസ് ചോദ്യം ചെയ്തു വരികയാണ്.