കാർ യാത്രക്കാരന് ഹെൽമെറ്റിടാത്തതിന് പിഴ!


കാറോടിച്ചുപോയ ആൾക്ക് മോട്ടോർവാഹന വകുപ്പ് ഹെൽമെറ്റിടാത്തതിന് പിഴചുമത്തിയെന്ന് പരാതി. തിരൂർ കൈനിക്കര മുഹമ്മദ് സാലിഹിനാണ് വിചിത്രമായ പിഴ അറിയിപ്പുവന്നത്. സാലിഹിന്റെ വാഹനം കാറാണ്. എന്നാൽ കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു. ഇതേ നമ്പറിലുള്ള ബൈക്കിൽ ബാവപ്പടിയിലൂടെ ഹെൽമെറ്റില്ലാതെ സഞ്ചരിച്ചുവെന്നും പിഴയായി 500 രൂപ അടയ്ക്കണമെന്നുമായിരുന്നു സന്ദേശം.
പിഴ അടയ്ക്കാൻ ഗതാഗതവകുപ്പിന്റെ സൈറ്റിന്റെ വിലാസവും നൽകിയിരുന്നു. ആ സൈറ്റിൽ കയറിയപ്പോൾ പിഴയുമായി ബന്ധപ്പെട്ട വിശദമായ രേഖ കണ്ടു. അതിൽ തന്റെ കാറിന്റെ അതേ നമ്പറുള്ള ഒരു ബൈക്കിൽ ആരോ സഞ്ചരിക്കുന്ന ചിത്രവുമുണ്ടെന്ന് അധ്യാപകനായ സാലിഹ് പറയുന്നു.
മോട്ടോർവാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ഈ ചിത്രത്തിലെ നമ്പർ അത്ര വ്യക്തമല്ല. നമ്പർ തെറ്റി പിഴ ഈടാക്കിയതാണോ എന്നും സംശയമുണ്ട്. ബാവപ്പടിയിലൂടെ അടുത്തകാലത്തൊന്നും താൻ സഞ്ചരിച്ചിട്ടില്ലെന്നും സാലിഹ് പറയുന്നു