പെരിന്തൽമണ്ണയിൽ എം.ഡി.എം.എ.യുമായി നാലുപേർ അറസ്റ്റിൽ


ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ് റിൻഷാൻ(22), അരക്കുപറമ്പ് പള്ളിക്കുന്ന് മരുത്തൻപാറ വിഷ്ണു(21), വേങ്ങൂർ മഠത്തിൽ മുഹമ്മദ് മുർഷിദ്(22) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്.ഐ. എ.എം. യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഏജന്റുമാരിൽനിന്ന് ഓൺലൈൻ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ കാരിയർമാർ മുഖേന നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് ജങ്ഷന് സമീപത്തുവെച്ച് മയക്കുമരുന്നുമായി ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. പോലീസുദ്യോഗസ്ഥരായ ജയേഷ്, ഹരിലാൽ, സോവിഷ് എന്നിവരും ജില്ലാ ആൻഡ് നർക്കോട്ടിക് സ്ക്വാഡുമടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.