NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരിൽ പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

തിരൂരങ്ങാടി : വിദേശപാഴ്സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റോഫിസിലെ സൂപ്രണ്ട് അഷുതോഷാണ് അറസ്റ്റിലായത്.

നേരത്തേ അറസ്റ്റിലായ സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുറിച്ച് ഡിആര്‍ഐക്ക് വിവരം ലഭിക്കുന്നത്.

ഫോറിന്‍ പോസ്റ്റോഫിസിലെത്തുന്ന പാഴ്സലുകള്‍ ക്ലിയറന്‍സ് നല്‍കുന്ന ചുമതലയാണ് അഷുതോഷിന്. വിദേശത്ത് നിന്നയയ്ക്കുന്ന സ്വര്‍ണം അടങ്ങിയ പാഴ്സലുകളുടെ വിവരങ്ങള്‍ സംഘം അഷുതോഷിനു കൈമാറും. ഇതു മറ്റുദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ സുരക്ഷിതമായി ക്ലിയറന്‍സ് നല്‍കി അയയ്ക്കേണ്ട ഉത്തരവാദിത്തമായിരുന്നു അഷുതോഷിന്. കള്ളക്കടത്തു സംഘവുമായി അഷുതോഷിനുള്ള ബന്ധത്തിന്‍റെ തെളിവുകളും ഡിആര്‍ഐ ശേഖരിച്ചു. നേരത്തെയും സമാനമായ രീതിയില്‍ പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയതായും ഡിആര്‍ഐക്കു സംശയമുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നു. ഇത് കണ്ടെത്താന്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥനെയുള്‍പ്പെടെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

അഷുതോഷിന്റെ സഹായത്തോടെ ദുബായിയില്‍നിന്ന് വിദേശപാഴ്സല്‍ വഴി മൂന്നരക്കോടി രൂപയുടെ സ്വര്‍ണമാണ് കടത്തിയത്. കോഴിക്കോട് കാരന്തൂരിലും മുന്നിയൂർ മുട്ടിച്ചിറ പോസ്റ്റോഫിസിലും സ്വര്‍ണം അടങ്ങിയ പാഴ്സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീയടക്കം ആറു പേരെ ഈ മാസം ഒന്‍പതിന് ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. മുന്നിയൂര്‍ ആലിൻ ചുവട് സ്വദേശിനി അസിയ, വെളിമുക്ക് സ്വദേശി യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, അബ്ദു എന്നിവരാണ് അറസ്റ്റിലായവര്‍.

തേപ്പുപെട്ടിയും അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങളുമാണ് പാഴ്സലിലുണ്ടായിരുന്നത്. ഇതിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ദുബായിയില്‍നിന്ന് കൊച്ചിയിലെ ഫോറിന്‍ പോസ്റ്റോഫിസിലെത്തിയ പാഴ്സല്‍ ഇവിടെനിന്ന് ക്ലിയറന്‍സ് നല്‍കിയശേഷമാണ് കോഴിക്കോട്ടേക്ക് അയച്ചതെന്നും കണ്ടെത്തി. ഫുഡ് ഐറ്റംസ് ആണെന്നാണ് മുന്നിയൂരിൽ പാർസൽ വാങ്ങാൻ എത്തിയവർ പറഞ്ഞിരുന്നത്. ആദ്യം യാസിറും പിന്നീട് അസിയായും ആണ് പാർസൽ വാങ്ങാൻ എത്തിയിരുന്നത്. എന്നാൽ മുൻകൂട്ടി വിവരം ലഭിച്ചിരുന്ന ഡി ആർ ഐ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചു ഇവിടെ ഉണ്ടായിരുന്നു. പാർസൽ കൈപ്പറ്റിയ ശേഷം ഇരുവരെയും കസ്റ്റഡിയിൽ എടുത്തു കൊണ്ട് പോകുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!