NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലണ്ടൻ കിങ്‌സ് കോളേജിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി മലയാളി യുവാവ് : ശമ്പളം ഒരുവർഷത്തേക്ക് 28.5 ലക്ഷം

1 min read

പഠനത്തിനിടയിൽ ഒരു വർഷത്തെ ഇടവേളയിൽ പ്രസിഡന്റിന്റെ പണി. ശമ്പളമായി ഒരുവർഷത്തേക്ക് 28.5 ലക്ഷം രൂപ. സ്റ്റീവൻ സുരേഷ് എന്ന മലയാളി വിദ്യാർഥി ഇപ്പോൾ ഇംഗ്ലണ്ടിൽ കുറിക്കുന്നത് ഒരു ചരിത്രം.

പ്രശസ്തമായ ലണ്ടൻ കിങ്‌സ് കോളേജിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിട്ടാണ് സ്റ്റീവൻ തിരഞ്ഞെടുക്കപ്പെട്ടത്. 150 രാജ്യങ്ങളിൽനിന്നുള്ള 45,000-ത്തോളം വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ ആദ്യമായിട്ടാണ് ഒരു മലയാളി പ്രസിഡന്റ് പദവിയിലെത്തുന്നത്. വിവിധ രാജ്യക്കാരായ അഞ്ചു പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് സ്റ്റീവൻ തിരഞ്ഞെടുക്കപ്പെട്ടത്.

ദുബായിയിൽ ജോലി ചെയ്യുന്ന എറണാകുളം ചേന്ദമംഗലം സ്വദേശി സുരേഷ് കുറ്റിക്കാട്ടിന്റെയും ചെറായി സ്വദേശി സിമിയുടെയും മകനാണ്. ബി.എ. പി.പി.ഇ. വിദ്യാർഥിയാണ്. ദുബായിയിൽ പ്ലസ് ടു കഴിഞ്ഞാണ് ബിരുദ പഠനത്തിനായി കിങ്‌സ് കോളേജിൽ ചേർന്നത്. തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരു വർഷം ക്ലാസിൽ പോകാതെ മുഴുവൻ സമയ ജോലിയായാണ് പ്രസിഡന്റ് പദവിയിൽ പ്രവർത്തിക്കേണ്ടത്. ജൂലായിൽ ചുമതലയേൽക്കും. അടുത്ത വർഷം മൂന്നാം വർഷ ക്ലാസിൽ ചേർന്ന് ഡിഗ്രി പഠനം പൂർത്തിയാക്കണം.

ശ്രദ്ധേയമായ പല വാഗ്ദാനങ്ങളുമുള്ള പ്രകടനപത്രിക പുറത്തിറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വർണ വിവേചനം പോലുള്ളവ പൂർണമായും ഒഴിവാക്കി വിദ്യാർഥികളുടെ ലിംഗസമത്വം ഉൾപ്പെടെ ഉറപ്പാക്കുന്ന പ്രകടനപത്രികയിൽ ഫീസ് അടയ്ക്കൽ തവണകൾ ഉയർത്തുന്ന കാര്യവും പറഞ്ഞിരുന്നു.

രണ്ടു ബ്രിട്ടീഷുകാരും രണ്ടു പാകിസ്താനികളും ഒരു ഇന്ത്യക്കാരനുമടക്കം അഞ്ചു വൈസ് പ്രസിഡന്റുമാരുണ്ട് സഹായിക്കാൻ. “ഈ പദവി ഇനിയെത്തുന്ന മലയാളി വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്നാണ് വിശ്വസിക്കുന്നത്” – സ്റ്റീവൻ പറഞ്ഞു.

 

Leave a Reply

Your email address will not be published.