NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തൽമണ്ണയിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന ഭാര്യ കൊല്ലപ്പെട്ട നിലയിൽ:

പെരിന്തൽമണ്ണ: ഏലംകുളത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻകിടന്ന ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്.

കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ(35) കേസിൽ പോലീസ് ചോദ്യംചെയ്യുന്നുണ്ട്.

ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഫഹ്‌നയുടെ വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലും അവരെ കണ്ടെത്തിയത്.

പുലർച്ചെ നോമ്പിനുള്ള ഭക്ഷണം തയ്യാറാക്കാൻ എഴുന്നേറ്റ ഫഹ്‌നയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് ഫഹ്നയെ ഈ നിലയിൽ കണ്ടത്. തുടർന്ന് കുഞ്ഞലവിയെയും കുറച്ചകലെയുള്ള സഹോദരൻ ചിറത്തൊടി ഹുസൈനെയും അറിയിച്ചു. ഇവർ പെരിന്തൽമണ്ണ പോലീസിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു.

ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനായ ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയും ഇവിടെയുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചെ ഇവിടെ കണ്ടില്ല. പിന്നീട് മണ്ണാർക്കാട്ടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെത്തുന്നത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നാലുവയസ്സുള്ള മകളുണ്ട്.

യുവതി ധരിച്ചിരുന്ന ആഭരണങ്ങളിൽ മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിൽ മലപ്പുറം എ.എസ്.പി. ഷഹാൻഷാ, പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രണ്ടരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മലപ്പുറത്ത് നിന്നുള്ള വിരലടയാളവിദഗ്ധ എൻ.വി. റുബീന, ഫോറൻസിക് ഓഫീസർ ഡോ. വി. മിനി എന്നിവരും മൃതദേഹം പരിശോധിച്ചു. വിശദമായ അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *