NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അകക്കണ്ണിന്റെ വെളിച്ചത്തിൽ ജുമുഅക്ക് നേതൃത്വം നൽകി ഹാഫിള് ശബീർഅലി; മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഖുതുബ ശ്രവിക്കാനെത്തിയത് ആയിരങ്ങൾ…

 

മലപ്പുറം: റമളാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഖുതുബ നിർവ്വഹിച്ച് ശ്രദ്ധേയനായി കാഴ്ച പരിമിതിനായ ഹാഫിള് ശബീർ അലി. ഖുതുബ ശ്രവിക്കാൻ ആയിരക്കണക്കിന് വിശ്വാസികളായിരുന്നു മഅദിൻ ഗ്രാന്റ് മസ്ജിദിൽ ജുമുഅക്കെത്തിയിരുന്നത്.

 

പള്ളിക്കകത്ത് ഉൾക്കൊള്ളാനാവാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു. അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിന്റെ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിർപ്പിച്ചു. ഇത്തവണ ദുബൈ ഗവൺമെന്റിന്റെ കീഴിൽ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസമാണ് ഹാഫിള് ശബിർ അലി നാട്ടിൽ തിരിച്ചെത്തിയത്.

 

മഅദിൻ ബ്ലൈൻഡ് സ്കൂളിൽ ഒന്നാം ക്ലാസിൽ എത്തിയ ശബീർ അലി പത്താം ക്ലാസിൽ 9 എപ്ലസ് കരസ്ഥമാക്കിയാണ് എസ്.എസ്.എൽ.സി പാസായത്. പ്ലസ്ടുവിന് 75 ശതമാനം മാർക്കും കരസ്ഥമാക്കി. തുടർന്ന് മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജിൽ പഠനമാരംഭിച്ച ശബീർ അലി ഒന്നര വർഷം കൊണ്ടാണ് ബ്രയിൽ ലിപിയുടെ സഹായത്തോടെ ഖുർആൻ മനപാഠമാക്കിയത്. എടപ്പാൾ പോത്തനൂർ സ്വദേശി താഴത്തേല പറമ്പിൽ ബഷീർ-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.

ഭിന്നശേഷിക്കാരായ സുഹൃത്തുക്കൾക്ക് ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും അകക്കാഴ്ച കൊണ്ടും കഠിന പ്രയത്നങ്ങൾ കൊണ്ടും അവർ ഏറെ മുന്നിലാണ്. ഇത്തരക്കാരെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഹാഫിള് ശബീറലിയുടെ ഖുതുബ പാരായണത്തിലൂടെ നൽകുന്ന സന്ദേശമതാണെന്നും മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *