NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്ത കുട്ടിയുടെ ശരീരം തളർന്നെന്ന പരാതി; ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പെടുത്ത വിദ്യാർത്ഥിയുടെ ശരീരം തളരുകയും കാഴ്ചശക്തി കുറയുകയും ചെയ്തെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒയ്ക്കാണ് അന്വേഷണ ചുമതല. കൃഷിമന്ത്രി പി പ്രസാദ് കുട്ടിയുടെ വീട്ടിലെത്തി. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ലഭിക്കുന്നത് ഗുരുതര പരാതികൾ ആണെന്നും അലംഭാവത്തിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി. കുട്ടിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. 10 ന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്തു പ്രശ്നം വിശദീകരിക്കാ‍ൻ കുട്ടിയുടെ രക്ഷിതാക്കളോടു നിർദേശിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോടും വിവരങ്ങൾ തേടും.

 

ചേർത്തല നഗരസഭ 20ാം വാർഡില്‌ പ്രദീപ് കുമാറിന്റെ മകൻ കാർത്തിക്കി(14)ന് വാക്സിൻ എടുത്തതു സംബന്ധിച്ചു ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണു പരാതി. മന്ത്രി വീണാ ജോർജിന് പരാതി നൽകിയിരുന്നു.

 

ജനുവരി 19 ന് കാർത്തിക്കിനു പൂച്ചയുടെ നഖം കൊണ്ടു മുറിവേറ്റിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നു ടിടി കുത്തിവയ്പെടുത്തു. ഡോക്ടർ നിർദേശിച്ച പ്രകാരം പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്തു. തുടർന്ന് 22നും 26നും ഫെബ്രുവരി 16നും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയാണ് കുത്തിവച്ചത്. 16 ന് സ്കൂളിൽ പോയ കുട്ടിക്ക് പനിയും തളർച്ചയുമുണ്ടായി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പേടിയായിരിക്കുമെന്നാണു പറഞ്ഞതെന്നു പരാതിയിലുണ്ട്. പിറ്റേന്നു സ്ഥിതി കൂടുതൽ മോശമായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത തരത്തിൽ കുട്ടിയുടെ ശരീരം തളർന്നെന്നും സംസാരശേഷിയെയും കാഴ്ചശക്തിയെയും ബാധിച്ചെന്നും പിതാവ് പറഞ്ഞു. മാർച്ച് 18വരെ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയായി. പക്ഷേ നടക്കാൻ സാധിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.

 

അതേസമയം റാബീസ് വാക്സിൻ എടുക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ അറിയിക്കാനുള്ള സംവിധാനം ആശുപത്രിയിലുണ്ടെന്നും തളർച്ചയും മറ്റും ബുദ്ധിമുട്ടുകളും അപൂർവമായി സംഭവിക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുറച്ചു ദിവസം കഴിയുമ്പോൾ ഇതു മാറുമെന്നും പറയുന്നു.

Leave a Reply

Your email address will not be published.