മകന്റെ തീരുമാനം വേദനയുണ്ടാക്കി; അവസാന ശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും: എകെ ആന്റണി


തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേർന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായെന്ന് പറഞ്ഞ എകെ ആന്റണി അനിൽ ആന്റണിയെ പൂർണമായും തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ എന്നും നെഹ്രു കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ എകെ ആന്റണി അവസാന ശ്വാസം വരെ ബിജെപിയുടെ വിനാശകരമായ നയത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും പറഞ്ഞു.
രാജ്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ 2019 ന് ശേഷം എല്ലാ മേഖലയിലും ബിജെപി ഏകത്വം അടിച്ചേൽപ്പിക്കുകയാണ്. മകന്റെ ബിജെപി പ്രവേശനം ആപത്കരമായ തീരുമാനമാണ്. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഒരു ചോദ്യോത്തരത്തിനും ഇനിയില്ലെന്നും വികാരാധീനനായി ആന്റണി പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചത്.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായും എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെല്ലിലും അനിൽ ആന്റണി പ്രവർത്തിച്ചിരുന്നു. മകന്റെ ബിജെപി പ്രവേശനത്തിനു പിന്നാലെയാണ് ആന്റണി മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.