ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാളെ പിടികൂടി


മലപ്പുറം: വിവിധയിടങ്ങളിൽ ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് മീഞ്ചന്ത റെയിൽവേ ഗേറ്റിന് സമീപം സുഹറമൻസിലിൽ മുഹമ്മദ് താലിഫിനെയാണ് (31) മലപ്പുറം ഡാൻസാഫ് സംഘവും മലപ്പുറം പോലീസും ചേർന്ന് പിടിച്ചത്.
കഴിഞ്ഞ മാസം 27-ന് മലപ്പുറം മേൽമുറിയിൽ നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നിരുന്നു.
ഇതിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തതിൽനിന്ന് പരപ്പനങ്ങാടി, പന്തീരാങ്കാവ്, ചേവായൂർ, വെള്ളയിൽ, ബൈപ്പൂർ എന്നിവിടങ്ങളിൽ നടത്തിയ കവർച്ചയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.