കരിപ്പൂരിൽ വൻ സ്വർണവേട്ട, മൂന്നുകോടിയുടെ സ്വർണം പിടിച്ചു: പിടികൂടിയത് ഉംറ കഴിഞ്ഞെത്തിയവരിൽ നിന്ന്


കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നുകോടി രൂപയുടെ സ്വർണം ഡി.ആർ.ഐ. വിഭാഗം പിടികൂടി. ആറ് വ്യത്യസ്ത കേസുകളിലായാണ് സ്വർണവേട്ട. മൊത്തം അഞ്ചുകിലോ സ്വർണമാണ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ നാലു യാത്രക്കാരിൽനിന്നുമായി 3,455 ഗ്രാം സ്വർണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകൾ പിടികൂടി. മലപ്പുറം ഊരകം മേൽമുറി വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ(24)നിന്ന് 1064 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്സൂളുകളും വയനാട് മേപ്പാടി ആണ്ടികാടൻ യൂനുസ് അലി (34)യിൽനിന്ന് 1059 ഗ്രാം തൂക്കംവരുന്ന നാല് ക്യാപ്സൂളുകളും കാസർകോട് മുലിയടുക്കം അബ്ദുൽ ഖാദറി (22)ൽനിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും മലപ്പുറം അരിമ്പ്ര വെള്ളമാർതൊടി മുഹമ്മദ് സുഹൈലി(24)ൽനിന്ന് 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സൂളുകളുമാണ് കണ്ടെടുത്തത്. കള്ളക്കടത്തുസംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിച്ചതെന്നാണ് യാത്രക്കാർ വ്യക്തമാക്കിയത്.
മറ്റൊരു സംഭവത്തിൽ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ കോഴിക്കോട് കേറ്റിണ്ടകയിൽ ജംഷീറി(25)ൽ നിന്ന് 1,058 ഗ്രാമും അമ്പായപ്പറമ്പിൽ ഷൈബുനീറി(39) ൽനിന്ന് 1,163 ഗ്രാമും തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകൾ വീതം പിടികൂടി.