ലഹരിക്കടിപ്പെട്ട വിദ്യാർഥിനി ആസിഡ് കഴിച്ചു; മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രതീകാത്മക ചിത്രം

കോഴിക്കോട് ; ലഹരിക്കടിപ്പെട്ട എട്ടാംക്ലാസ്സ് വിദ്യാർഥിനി ഹൈഡ്രജൻ പെറോക്‌സൈഡ് കഴിച്ച് ആശുപത്രിയിൽ. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥ വിട്ട ശേഷം പോലീസ് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കുട്ടിയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
എട്ട് മാസത്തോളമായി ഒരു സ്ത്രീയും പുരുഷനും സ്‌കൂൾ കവാടത്തിന് മുൻവശം വെച്ചും കുന്ദമംഗലത്തെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും വെളുത്ത നിറത്തിലുള്ള പൊടി നൽകാറുണ്ടായിരുന്നുവെന്നും എന്നാൽ, ഇത് ഒരു മാസത്തോളമായി ലഭിക്കാത്ത സാഹചര്യത്തിൽ അസ്വസ്ഥത നേരിട്ടെന്നുമാണ് മൊഴി.
ഈയൊരവസ്ഥയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് ഹൈഡ്രജൻ പെറോക്‌സൈഡ് വാങ്ങി കഴിച്ചതെന്നാണ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്‌കൂളിലെ മുതിർന്ന വിദ്യാർഥികളിൽ നിന്നാണ് ലഹരി ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും സഹപാഠികളിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും മൊഴിയിലുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്തു. ലഹരി എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്ദമംഗലം സി.ഐ. യൂസുഫ് നടുത്തറമ്മലിനാണ് കേസന്വേഷണ ചുമതല.