ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്


അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷം ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിച്ചു.
ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയായാണ് ഇന്നസെന്‍റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.
ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെച്ചപ്പോഴും വലിയ ജനാവലിയാണ് പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മുഖ്യമന്ത്രി ടൗൺ ഹാളിൽ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്.
ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നാളെയാണ് സംസ്കാരം നടക്കുക. അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൃതദേഹം സംസ്കരിക്കും.