കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.3 കോടി രൂപയുടെ സ്വർണം കള്ളക്കടത്ത് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ (24), കാസർകോട് സ്വദേശി അബ്ദുൽസലാം (43), കോഴിക്കോട് പുതുപ്പാടി പാലകുന്നുമ്മൽ ഹുസൈൻ (35) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
രണ്ടേകാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്നാണ് മുഹമ്മദ് നൂറുദ്ദീൻ ഇവിടെ എത്തിയത്. വിശദമായ പരിശോധനയിൽ ശരീരത്തിനുള്ളിലും ധരിച്ചിരുന്ന ഉൾവസ്ത്രങ്ങൾക്കുള്ളിലുമായി സ്വർണമിശ്രിതം ഒളിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി.
1155 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചത്. സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം തൂക്കമുള്ള ഉൾവസ്ത്രങ്ങളുമാണ് നൂറുദ്ദീനിൽനിന്ന് ഉദ്യോഗസ്ഥർക്കു ലഭിച്ചത്. ഏകദേശം 85 ലക്ഷം വിലമതിക്കുന്ന ഒന്നരക്കിലോഗ്രാമോളം സ്വർണമാണ് നൂറുദ്ദീനിൽനിന്ന് കസ്റ്റംസ് പിടികൂടിയത്.
സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നാണ് അബ്ദുൽസലാം എത്തിയത്. ഇയാളുടെ ബാഗേജിനുള്ളിലുണ്ടായിരുന്ന ഇയർപോഡും പാചകപാത്രങ്ങളുടെ കാർട്ടണും വിശദമായി പരിശോധിച്ചപ്പോൾ പാത്രങ്ങളുടെ ഉൾവശത്ത് ചപ്പാത്തിയുടെ രൂപത്തിൽ വിദഗ്ധമായി ഒട്ടിച്ചുവെച്ചിരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു പായ്ക്കറ്റുകളും ഇയർപോഡിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്വർണത്തിന്റെ ചെറിയ കഷണവും ലഭിച്ചു. 1227 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതമടങ്ങിയ ഈ സാധനങ്ങളിൽനിന്ന് ഏകദേശം 35 ലക്ഷം വിലമതിക്കുന്ന 600 ഗ്രാം സ്വർണം കണ്ടെത്തി.
ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പാലകുന്നുമ്മൽ ഹുസൈൻ കോഴിക്കോട്ടെത്തിയത്.
ഇയാൾ ധരിച്ചിരുന്ന പാന്റ്സ് വിശദമായി പരിശോധിച്ചപ്പോൾ പാന്റ്സിന്റെ മുകൾവശത്തു തുന്നിപ്പിടിപ്പിച്ച സ്വർണമിശ്രിതമടങ്ങിയ ചെറിയ പായ്ക്കറ്റുകൾ കണ്ടെടുത്തു. 10 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.