ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മതചിഹ്നമാണെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ.


ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മതചിഹ്നമാണെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ. രാഷ്ട്രീയപാർട്ടികൾ മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനെതിരായ ഹർജിയിൽ ബിജെപിയെ കക്ഷിചേർക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്‌വി നൽകിയ ഹർജി പരിഗണക്കുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
മുസ്‌ലിം ലീഗ്, മജ്‍ലിസ് പാർട്ടി എന്നിവയെ മാത്രമാണ് റിസ്‌വി കേസിൽ കക്ഷിചേർത്തത്. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പെടെ 27 രാഷ്ട്രീയപ്പാർട്ടികളെക്കൂടി കേസിൽ കക്ഷിചേർക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
മതചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാർട്ടികളെ കേസിൽ കക്ഷിചേർക്കാത്തതിനാൽ ഹർജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും കേസിൽ കക്ഷിചേർക്കാൻ റിസ്‌വിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് മേയിലേക്ക് മാറ്റി.