ഉച്ചഭക്ഷണ പദ്ധതി: സംസ്ഥാനത്തെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം സര്‍ക്കാര്‍ നൽകും
1 min read
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചു.
വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചു നൽകും.
അരി സ്കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി.
മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.