വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും


സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടാൻ സാധ്യത. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിലാകട്ടെ സംസ്ഥാനത്തെ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. ഇവിടെ 40 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.
അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് 16-03-2023 രാത്രി 11.30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു