NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച് പ്രതിപക്ഷം; വന്‍ സംഘര്‍ഷം, എംഎല്‍എ കുഴഞ്ഞു വീണു

നിയമസഭയിൽ അസാധാരണ പ്രതിഷേധ സമരവുമായി പ്രതിപക്ഷം. തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

 

ഇതിനിടെ, മുതിർന്ന കോൺഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു.

സ്പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴച്ച് നീക്കാൻ ശ്രമം നടന്നു. പ്രതിഷേധത്തിനിടെ ടി.ജെ.സനീഷ് കുമാർ ജോസഫ് എംഎൽഎ കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ് വാർ‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യമുണ്ടായി.

 

സ്പീക്കറെ ഓഫിസിലേക്ക് കയറ്റാനായി ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തിയതോടെ സംഘർഷമായി. ഭരണ–പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ സ്പീക്കർ ഓഫിസിലേക്ക് കയറി.

 

സഭയുടെ ചരിത്രത്തിലെ വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇന്നു നടന്നത്. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡും അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതും അപൂർവമാണ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭാ ഹാളിൽനിന്ന് മാർച്ചായെത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്.

 

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് സഭ ബഹിഷ്ക്കരിച്ചത്.

മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കറും പ്രതിപക്ഷവും തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസമുണ്ട്.

 

പ്രതിപക്ഷ അംഗങ്ങൾ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും അവർ തോൽക്കുമെന്നും സ്പീക്കർ ഇന്നലെ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവനയിലുള്ള അതൃപ്തി പ്രതിപക്ഷം നേരിട്ട് സ്പീക്കറെ അറിയിച്ചു. മുഖ്യമന്ത്രിയെ ഭയന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

 

പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസുള്ള പെൺകുട്ടിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉമാ തോമസാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അടിയന്തരസ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയ്ക്കുള്ളിൽ വാക്കേറ്റമുണ്ടായി.

സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതിപാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷമാണ് സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

Leave a Reply

Your email address will not be published.