NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയ്ക്ക് ബുധനാഴ്ച ചെന്നൈയിൽ തുടക്കം; മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യാതിഥി

മലപ്പുറം: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ ബുധനാഴ്ച ചെന്നൈയിൽ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചെന്നൈയിൽ മാർച്ച് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സമ്മേളനം. മാർച്ച് എട്ടിന് എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. 9ന് കലൈവാണം അരങ്കത്തിൽ അരങ്ങേറുന്ന ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.

മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാർട്ടികളും, രാഷ്ട്ര നിർമാണത്തിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും വനിതകളുടെയും തൊഴിലാളികളുടെയും കർഷകരുടെയും പങ്ക്, ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപിന്റെയും ഏഴര പതിറ്റാണ്ട് തുടങ്ങിയ പ്രമേയങ്ങൾ ചർച്ച ചെയ്യും.

 

മാർച്ച് 10ന് രാവിലെ രാജാജി ഹാളിൽ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്കാര സമ്മേളനം നടക്കും. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുക്കും. തുടർന്ന് വൈകിട്ട് ഓൾഡ് മഹാബലിപുരം റോഡിലെ വൈഎംസിഎ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറിൽ റാലി നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. തമിഴ്നാട്ടിലെ വളണ്ടിയർമാർ അണിനിരക്കുന്ന ഗ്രീൻഗാർഡ് പരേഡും ഇതോടനുബന്ധിച്ചുണ്ടാകും.

ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ദേശീയ സീനിയർ വൈസ്‌ പ്രസിഡന്റ് ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി, ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു, എം എസ് എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *