മലപ്പുറത്ത് 62 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
1 min read

ആന്ധ്രാപ്രദേശിൽനിന്ന് വൻതോതിൽ കഞ്ചാവ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനൽകുന്ന സംഘത്തെ പിടികൂടി.
അരക്കോടിയോളം രൂപ വിലവരുന്ന 62 കിലോ കഞ്ചാവുമായി കോട്ടയം പൂഞ്ഞാർ സ്വദേശി നടക്കൽ വീട്ടിൽ ജോസി സെബാസ്റ്റ്യൻ (52), ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടിൽ പ്രകാശ് ജോസ് (50) എന്നിവരാണ് പിടിയിലായത്.
മലപ്പുറം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് മലപ്പുറം വലിയവരമ്പിൽ വെള്ളിയാഴ്‌ച പുലർച്ചെ 1.30-ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിലായിരുന്നു ഇരുവരും വന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എസ്.ഐ. വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
30 പായ്ക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട് ഭാഗത്തെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞതായി പോലീസ് അറിയിച്ചു.
ആർക്കൊക്കെ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. സിയാദ് കോട്ട, എ.എസ്.ഐ.മാരായ എസ്. സജിത്ത്, കെ.എൻ. അജയൻ, പി.കെ. തുളസി, സി.പി.ഒ. സി. ജിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.