വളളിക്കുന്ന് നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു.


വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു.
ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. വെളളിയാഴ്ച പുലർച്ചെ നാലിന് നടതുറന്ന് ഉച്ചയ്ക്ക് നട അടക്കുംവരെ വിശേഷാൽ പൂജകളും ദർശനവും നടന്നു.
ഉച്ചയ്ക്ക് മൂന്നുമണിക്ക് പഞ്ചാരിമേളത്തോടെയുള്ള കാഴ്ച ശിവേലിക്ക്ഗജവീരൻ കിരൺ നാരായണൻകുട്ടി മേക്കോട്ട ഭഗവതിയുടെ തിടമ്പേറ്റി. വൈകീട്ട് അഞ്ചിന് നടന്ന മഹാ ഗുരുതി ദർപ്പണം ദർശിക്കാനും വൻതിരക്കാണ് അനുഭവപ്പെട്ടത്.
സഹോദരിയെ കാണാൻ വർഷത്തിലൊരിക്കൽ എഴുന്നള്ളുന്ന മേക്കോട്ട ഭഗവതിയെ നാരീജനങ്ങൾ താലപ്പൊലിയുമായി വരവേൽക്കുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്.
ദേവസ്വവും ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്നാണ് ഉത്സവം നടത്തുന്നത്. വൈകുന്നേരം കരിമരുന്ന് പ്രയോഗവും നടന്നു. രാത്രി നടന്ന സാംസ്കാരിക സമ്മേളനം പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യാതിഥിയായി.
ടി.ആർ.രാമവർമ്മ, രാധ മാമ്പറ്റ, ദേവസ്വം എക്സികുട്ടീവ് ഓഫീസർ സംഗമേശ് വർമ്മ, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ എന്നിവർ സംസാരിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന താലപ്പൊലിയോട്ടവും ശ്രദ്ധേയമായി. താലപ്പൊലി പറമ്പിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരമുള്ള ക്ഷേത്രത്തിലേക്ക് താലപ്പൊലി എടുത്ത് സ്ത്രീകൾ ഓടിയാണെത്തുന്നത്.
അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്ര നടപ്പന്തലിൽ പനമണ്ണ ശശി,കല്ലൂർ ജയൻ എന്നിവരുടെ ഇരട്ടതായമ്പകയും നടന്നു. സന്ധ്യാവേലക്ക് ശേഷം മേക്കോട്ട ഭഗവതി താലപ്പൊലി പറമ്പിൽ കുടിയിരിക്കുന്ന സഹോദരിയെ കാണാൻ പുറത്തേക്ക് എഴുന്നള്ളും. താലപ്പൊലി പറമ്പിൽ വച്ച് നാരീജനങ്ങൾ ദേവിയെ താലപ്പൊലിയുമായി വരവേൽക്കുന്നു.
സമാഗമം മംഗളകരമായി എന്ന് വിളിച്ചറിയിച്ചു കൊണ്ട് വെളിച്ചപ്പാട് അരി എറിയുന്നു. കൂടിക്കാഴ്ചക്ക് ശേഷം സ്ത്രീ ജനങ്ങൾ താലപ്പൊലിയുമായി ക്ഷേത്രത്തിലെക്ക് തിരിച്ചെത്തി. പിന്നാലെ എഴുന്നള്ളുന്ന ദേവിയെ ക്ഷേത്രത്തിന് സമീപം വെച്ച് പാണ്ടിമേളത്തോടെ എതിരേറ്റു.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം വെടിക്കെട്ട് നടന്നു. അവസാനമായി കളംപാട്ടിന്റെ ചടങ്ങുകളോടെ താലപ്പൊലി ചടങ്ങുകൾ സമാപിച്ചു. അഞ്ചു ദിവസത്തേക്ക് ക്ഷേത്രം അടക്കും. ശേഷം ഏഴാം പുണ്യാഹത്തിനായി മാർച്ച് ഒൻപതിന് മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ നട തുറക്കും.