ഓടികൊണ്ടിരുന്ന ബൈക്ക് കത്തി : തീപടർന്ന് മറ്റു നാല് വാഹനങ്ങളും കത്തിനശിച്ചു.
1 min read

ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽനിന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കു തീപടർന്ന് അഞ്ച് വാഹനങ്ങൾ നശിച്ചു. വെള്ളിയാഴ്ച ഒരുമണിയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിലാണ് സംഭവം.
ബൈക്കിൽ തീ കണ്ടതിനെത്തുടർന്ന് ഒാടിച്ചുകൊണ്ടിരുന്നയാൾ വാഹനം റോഡിന്റെ വശത്തേക്ക് നിർത്തി ചാടിയിറങ്ങി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ഇന്ധന ടാങ്കിനു തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടർന്ന് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ, ഓട്ടോ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവയിലേക്കും തീ പടർന്നു. ബൈക്കടക്കം അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു. ഒരു കാർ ഭാഗികമായും മറ്റ് വാഹനങ്ങൾ പൂർണമായും നശിച്ചു.
കിളികൊല്ലൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. എഴുകോൺ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനം സുഹൃത്തായ കേരളപുരം സ്വദേശി അൻവർ ഷാ കടപ്പാക്കട ഭാഗത്തുനിന്ന് ഓടിച്ചുവരുമ്പോൾ വാഹനത്തിനടിയിൽനിന്ന് ചൂടുകാറ്റടിച്ചതോടെ റോഡിന്റെ വശത്തേക്കൊതുക്കി ചാടിയിറങ്ങുകയായിരുന്നു. റോഡിന്റെ വശത്ത് വാഹനങ്ങളുടെ നിരയുണ്ടായിരുന്നു.
തീപ്പിടിത്തമുണ്ടായ ഉടൻതന്നെ സമീപത്തെ വ്യാപാരികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു. കടപ്പാക്കടയിൽനിന്ന് മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി അരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. യഥാസമയം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്.
മങ്ങാട് കണ്ടച്ചിറ സ്വദേശി അഖിൽ ദാസിന്റെ കാറാണ് കത്തിനശിച്ചത്. കുന്നിക്കോട് സ്വദേശിയുടേതാണ് ഓട്ടോറിക്ഷ. കരിക്കോട് സ്വദേശി അൻസർ, കിളികൊല്ലൂർ സ്വദേശി നാസറുദീൻ എന്നിവരുടെ സ്കൂട്ടറുകളാണ് കത്തിനശിച്ചത്.