NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷം രൂപ തട്ടി; യുവതിയും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ

വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവതിയും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശിയായ യുവതിയെയും സംഘത്തെയും വലിയതുറ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൽ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഖാദറിനെ കാമുകി ഇൻഷയും എട്ടംഗ സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം കൈവശമുണ്ടായിരുന്ന അഞ്ചു പവൻ ആഭരണവും വിലകൂടിയ രണ്ട് മൊബൈൽ ഫോണുകളും തട്ടിയെടുത്തു.

 

പിന്നീട് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ദുബായിലെ ഒരു കമ്പനിയുടെ മാനേജരായ ഖാദർ യുവതിയുമായി ആറ് മാസമായി ലിവിംഗ് ടുഗദറിലായിരുന്നു. അതിനിടെ യുവതി നാട്ടിലേക്ക് വന്നു. തനിക്ക് മറ്റ് വിവാഹാലോചനകൾ വരുന്നുണ്ടെന്നും, നാട്ടിലെത്തി വീട്ടുകാരുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഖാദറിനെ വിളിച്ചു.

 

ഇതുപ്രകാരമാണ് ഖാദർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എന്നാൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന യുവതിയും സംഘവും ചേർന്ന് അബ്ദുൽ ഖാദറിനെ ചിറയിൻകീഴിലെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് മർദ്ദിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു.

 

ഒരു ദിവസം ബന്ദിയാക്കിയശേഷം പിറ്റേന്ന് അബ്ദുൽഖാദറിനെ വിമാനത്താവളത്തിന് മുന്നിൽ ഇറക്കിയശേഷം ഇൻഷയും ക്വട്ടേഷൻ സംഘവും കടന്നുകളയുകയായിരുന്നു. ഇതിനുശേഷം ബന്ധുക്കളുമായി ചേർന്ന് അബ്ദുൽഖാദർ വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *