NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന 33 സ്വത്തുക്കള്‍, 91.22 ലക്ഷം വരുന്ന മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, 5.58 കോടി വകുന്ന മൂന്ന് സ്ഥിര നിക്ഷേപങ്ങള്‍, 217.81 കോടി വരുന്നജോയ് ആലൂക്കാസ് ഇന്ത്യയുടെ ഓഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

 

കഴിഞ്ഞ ദിവസമാണ് ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഇ ഡി പരിശോധന നടത്തിയത്. ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ഔദ്യോഗിക രേഖകള്‍, മെയിലുകള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവയില്‍ നിന്ന് പരിശോധനയ്ക്കിടെ പിടിച്ചെടുത്തിരുന്നു.

ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ദുബായ് ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ ഈ കള്ളപ്പണം നിക്ഷേപിച്ചു എന്ന ഇ ഡി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.

ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *