ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ആഭരണം കവർന്നയാൾ റിമാൻഡിൽ

വളാഞ്ചേരി: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവരാൻ ശ്രമിച്ചയാൾ റിമാൻഡിൽ. പശ്ചിമബംഗാൾ നബദ്വീബ് സ്വദേശി ഹബീബുള്ള(40)യാണ് പിടിയിലായത്.
വളാഞ്ചേരി എസ്.എച്ച്.ഒ. എൻ.ആർ. സുജിത്തും സംഘവും ഇയാളെ പശ്ചിമബംഗാളിൽനിന്നാണ് അറസ്റ്റുചെയ്തത്. സംഭവത്തിനുശേഷം നാട്ടിലേക്കുകടന്ന പ്രതിയെ അന്വേഷണസംഘം അവിടെച്ചെന്ന് അറസ്റ്റുചെയ്യുകയായിരുന്നു.
ദർശനം നടത്തുന്നതിനും അടിച്ചുതളി ഉൾപ്പെടെയുള്ള ജോലികൾക്കുമായി ക്ഷേത്രത്തിലെത്തിയ ആതവനാട് ഇരിക്കാരിക്കര മഠത്തിൽ വിജയലക്ഷ്മി(61)യെയാണ് ഇയാൾ ആക്രമിച്ചത്.
തിരൂർ ഡിവൈ.എസ്.പി. പി. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തകാലത്തായി വളാഞ്ചേരി കരിങ്കല്ലത്താണിയിലാണ് താമസം.