ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു, അബ്ബാസലി തങ്ങൾ പ്രസിഡൻ്റ്, ഹമീദ് മാസ്റ്റർ ജനറൽ സെക്രട്ടറി


മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. നിലവിലെ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡൻ്റായി തുടരും. പി. അബ്ദുൽ ഹമീദ് എം.എൽ.എ ആണ് ജനറൽ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാരായി ഇസ്മയിൽ മുത്തേടം, എം.കെ.ബാവ, എം.എ.ഖാദർ, ഉമ്മർ അറക്കൽ, സൈതലവി മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്.തങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂർ, അൻവർ മുള്ളമ്പാറ, പി.എം.എ.സമീർ, എ.പി.ഉണ്ണികൃഷ്ണൻ, അഡ്വ: പി.പി.ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.
യു.എ ലത്തീഫ് എം.എൽ.എയുടെ സ്ഥാനത്തേക്കാണ് അബ്ദുൽ ഹമീദ് മാസ്റ്ററെ തെരഞ്ഞെടുത്തത്. അദ്ദേഹം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ കൂടിയാണ്. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്ന നിർദേശം ഇവിടെ പാലിക്കപ്പെട്ടില്ലെന്ന വിമർശനമുണ്ട്. സംസ്ഥാന ഭാരവാഹിത്വമുള്ള മിക്ക നേതാക്കന്മാരും മലപ്പുറം ജില്ലയിൽ നിന്നാണ് പ്രതിനിദീകരിക്കുന്നത്. സംസ്ഥാ പ്രസിഡൻ്റ് സ്വാദിഖലി തങ്ങളും ആക്ടിംങ് സെക്രട്ടറി പി.എം.എ സലാമും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്.
അതേസമയം കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. രാവിലെ 11 മണിക്ക് തുടങ്ങുമെന്ന് അറിയിച്ച കൗൺസിൽ ഉച്ചക്ക് ഒരു മണിയോടെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.
റിട്ടേണിങ് ഓഫീസറായ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സമവായശ്രമങ്ങൾ പുരോഗമിച്ചു വരികയായിരുന്നു. മുൻ കമ്മിറ്റിയിലെ ട്രഷററായിരുന്ന മുനീർ ഹാജിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പഞ്ചായത്തിൽനിന്നുള്ള പ്രതിനിധികൾ ശബ്ദമുയർത്തിയത്.
കല്ലട്ര മാഹിൻ ഹാജി പ്രസിഡന്റും എ. അബ്ദുറഹ്മാൻ ജനറൽ സെക്രട്ടറിയും മുനീർ ഹാജി ട്രഷററുമായ കമ്മിറ്റിയെയാണ് സമവായത്തിലൂടെ തെരഞ്ഞെടുത്തത്. ഇത് അംഗീകരിക്കില്ലെന്നായിരുന്നു മുനീർ ഹാജിയെ പിന്തുണക്കുന്നവരുടെ വാദം.