NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിനിമാതാരം സുബി സുരേഷ് അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

1 min read

സിനിമ -സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ..  എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.

സ്‌കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി.

ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍  അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!